Shrine Basilica of Our Lady of Snow

Home

പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയുടെ ചരിത്രത്തിൽ നിന്നും



മഞ്ഞമ്മയുടെ ചരിത്രം ഈ നാടിന്റെ തന്നെ ചരിത്രമാണ് .1503 ൽ പോർച്ചുഗീസുകാർ സാമൂതിരിയുടെ ആക്രമണത്തെ തടയാൻ വേണ്ടി അയക്കോട്ട എന്ന പേരിൽ കോട്ട സ്ഥാപിക്കുകയുണ്ടായി .ഈ കോട്ടയ്ക്ക് തെക്കു ഭാഗത്തായി അവർ 1477- ൽ ഒരു ആരാധനാലയം സ്ഥാപിക്കുകയും അത് പരിശുദ്ധ കന്യക മറിയത്തിന്റെ മഹത്വത്തിനായി സമർപ്പിക്കുകയും ചെയ്തു .അങ്ങനെയാണ് ഈ പ്രദേശത്തിന് പള്ളിപ്പുറം എന്ന പേരു വന്നതെന്ന് കരുതപ്പെടുന്നു .

പിൻകാലത്തു ഇതു മഞ്ഞുമാതാവിന്റെ പള്ളി എന്നറിയാൻ തുടങ്ങിയതിനെക്കുറിച്ചു നൂറ്റാണ്ടുകളായി ഇവിടത്തുകാർ വിശ്വസിച്ചുപോരുന്ന ഒരു സത്യമുണ്ട് .1791-ൽ ടിപ്പു സുൽത്താൻ തിരുവിതാംകൂറുമായി യുദ്ധം പ്രഖ്യാപിച്ചു ,കോട്ടപ്പുറം കോട്ടയും കുര്യാപ്പിള്ളി കോട്ടയും തകർത്തു കൊച്ചിയുടെ അതിർത്തി കടന്നു തെക്കോട്ടു മുന്നേറുവാനായി കൊടുങ്ങല്ലൂർ തുറമുഖത്തു വന്നു .ആ മുന്നേറ്റത്തിന് ഒരു വിലങ്ങുതടിയായി പള്ളിപ്പുറം പള്ളിയും കോട്ടയും നിലകൊണ്ടപ്പോൾ രണ്ടും തകർക്കുവാൻ തീരുമാനിച്ചു .തത്സമയം ഈ പ്രദേശവാസികൾ മാതാവിനെ വിളിച്ചു പ്രാർത്ഥിച്ചു .തന്റെ നാമധേയത്തിലുള്ള പള്ളിയേയും പരിസരവാസികളെയും സംരക്ഷിക്കണമെന്നാഗ്രഹിച്ച മാതാവ് പള്ളിയിരുന്ന പ്രദേശവും ചുറ്റുപാടും പെട്ടെന്ന് പുകമഞ്ഞിനാൽ മൂടികളഞ്ഞു .അത് ഒരു പർവ്വതം പോലെ തോന്നിച്ചു .ആക്രമണം നടത്താൻ കഴിയാതെ പട്ടാളം വഴി മാറിപ്പോവുകയും നാശത്തിൽ നിന്നും പള്ളിയും പരിസരവും സംരക്ഷിക്കപ്പെടുകയും ചെയ്തു .മഞ്ഞുപുതപ്പിനാൽ മൂടി ഈ പ്രദേശത്തെ രക്ഷിച്ച മരിയാംബിക അന്നു മുതൽ മഞ്ഞുമാതാവ് എന്നു അറിയപ്പെടാൻ തുടങ്ങി .

നാനാജാതി മതസ്ഥാരായ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ മദ്ധ്യസ്ഥയും അഭയകേന്ദ്രവുമാണ് പള്ളിപ്പുറം ബസിലിക്കയിലെ പരിശുദ്ധ മഞ്ഞുമാതാവ് .കാറ്റിലും കോളിലും ,തിരയിലും ,ചുഴിയിലും നമ്മെ കാത്തു പാലിക്കുന്ന കാവൽ നക്ഷത്രമായ മഞ്ഞമ്മയുടെ കൃപാകടാക്ഷങ്ങളാൽ അനുഗ്രഹീതരായ അനേകം വിശ്വാസികളുടെ അനുഭവങ്ങൾ ഇവിടത്തെ മണ്ണിനെയും ഇവിടെയെത്തുന്ന ഭക്തജനങ്ങളെയും കുളിരണിയിക്കുന്നു .